കണ്ണൂർ : വിദ്യാർത്ഥി വിഷയങ്ങളോടൊപ്പം പൊതുസമൂഹത്തിൽ നടക്കുന്ന മൂല്യച്യുതികൾക്കെതിരെ ശബ്ദമുയർത്താൻ കലാലയങ്ങൾക്കും യുവ തലമുറകൾക്കും സാധിക്കണമെന്നും, സവിശേഷമായ സാഹചര്യത്തിൽ സാംസ്‌കാരിക കേരളം തല കുനിക്കുമ്പോൾ വിദ്യാർത്ഥി ശബ്ദം ഉയരണമെന്നും പ്രമുഖ സാഹിത്യകാരൻ കല്പറ്റ നാരായണൻ. കണ്ണൂരിൽ നടക്കുന്ന കെ.എസ്.യു ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ അധ്യക്ഷത വഹിച്ചു.
പി മുഹമ്മദ് ഷമ്മാസ്,ഫർഹാൻ മുണ്ടേരി,ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കരൻ,സുഹൈൽ ചെമ്പൻതോട്ടി, രാഗേഷ് ബാലൻ, കാവ്യ കെ, ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, എബിൻ കേളകം എന്നിവർ പ്രസംഗിച്ചു.
ക്യാമ്പസ് തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസം നീണ്ട് നില്ക്കുന്ന നേതൃ ക്യാമ്പ് കണ്ണൂരിൽ നടക്കുന്നത്. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും, ബ്ലോക്ക് തലത്തിൽ നിന്നുമായി ഇരുന്നൂറോളം പ്രധിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിന് ജില്ലാ പ്രസിഡന്റ് എം.സി അതുൽ പതാക ഉയർത്തിയതോടെ തുടക്കമായി.
സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ വിവിധ വിഷയങ്ങളിൽ ആദ്യ ദിനം ക്ലാസുകളെടുത്തു. കോൺഗ്രസ് നേതാക്കളായ വി എ നാരായണൻ,കെ സി മുഹമ്മദ് ഫൈസൽ, മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ എളയാവൂർ,വിജിൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, ഷാഫി പറമ്പിൽ എം.പി ഉൾപ്പടെയുള്ള നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ക്യാമ്പിൽ സംബന്ധിക്കും.
When cultural Kerala bows down, student voices should be raised - Kalpetta Narayanan